07 February, 2026 07:14:54 PM
വെമ്പായത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്ക് വേഗത്തിൽ ഇടിച്ച് കയറുകയായിരുന്നു. കെ എസ് ആർ ടി സി ബസ്, സ്കൂട്ടറിൽ ഇടിച്ചാണ് നിയന്ത്രണം നഷ്ടമായത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജയചന്ദ്രൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെഞ്ഞാറമൂട് കൊപ്പത്ത് വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോയ സ്കൂട്ടറും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും കൂട്ടിയിടിക്കുകായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബേക്കറി കടയിലേക്ക് ഇടിച്ചു കയറി. ബേക്കറി ഭാഗികമായി തകർന്നിട്ടുണ്ട്. ബസിൽ ഉണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.






