06 February, 2026 09:37:28 AM


തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്



തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ലിന് മുന്നിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർ‌ത്താതെ പോയി. നടന്‍ മണിയന്‍പിള്ള രാജുവിന്റെ പേരിലുള്ള KL 01 CJ 04 നമ്പറുള്ള വോള്‍വോ കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. 

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടമുണ്ടായത്. ബൈക്കിൽ പോയ രണ്ടു യുവാക്കളെ ട്രിവാൻഡ്രം ക്ലബിൽ നിന്നും ഇറങ്ങിവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിന്‍റെ ഉടമ മണിയന്‍പിള്ള രാജുവാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്.  

അപകടത്തില്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സ്ഥലത്ത് പോലീസ് നടത്തിയ പരിശോധയില്‍ ഇളകി വീണ കാറിന്റെ നമ്പർ പ്ലേറ്റ് കിട്ടിയിട്ടുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് രജിസ്ട്രേഷന്‍ നമ്പർ സുധീർകുമാർ രാജു എന്ന പേരിലുള്ളതാണെന്ന് വ്യക്തമായത്. ഇതിനു പിന്നാലെ രണ്ട് തവണ മ്യൂസിയം പോലീസ് മണിയന്‍പിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെയും വാഹനത്തെയും കണ്ടെത്താനായില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K