05 February, 2026 01:57:10 PM
പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
പടക്കം കെട്ടുന്നതിനിടെ തിരിയിൽ നിന്നുണ്ടായ സ്പാർക്ക് ആണ് വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ സജിന്റെ മുഖത്തും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. സജിന്റെ പിതാവിന്റെ പേരിലുള്ള ലൈസൻസിലാണ് ഈ നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. ലൈസൻസിന്റെ കാലാവധിയും മറ്റ് നിയമസാധുതകളും പോലീസ് പരിശോധിച്ച് വരികയാണ്.
അപകടത്തെത്തുടർന്ന് പാലോട് പോലീസ് സ്ഥലത്തെത്തി നിർമ്മാണശാലയിലെ രണ്ട് മുറികൾ സീൽ ചെയ്തു. പാലോട് – നന്ദിയോട് മേഖലയിൽ പടക്ക നിർമ്മാണവുമായി ബന്ധപ്പെട്ട് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പാലോട് പോലീസ് ജോയിൻ്റ് ഇൻസ്പെക്ഷനായി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.






