09 November, 2025 11:52:04 AM


ക്ഷേത്രമൈതാനത്ത് കൊടി കുത്തിയ സംഭവം: നിര്‍ദേശങ്ങള്‍ അവഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

- പി.എം.മുകുന്ദന്‍



കോട്ടയം: ചിറപ്പു മഹോത്സവത്തിനായി സ്ഥിരം ഷെഡ് നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനത്ത് ഏതാനും ആളുകളുടെ നേതൃത്വത്തില്‍ കൊടി കുത്തിയ സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് ക്ഷേത്രം ഉപദേശകസമിതിയോട് വകുപ്പുമന്ത്രി നിര്‍ദേശിച്ചെങ്കിലും ഇത് അവഗണിച്ചുള്ള ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നടപടിയും ഏറെ ചര്‍ച്ചയാകുന്നു. ഉപദേശകസമിതിയുടെ ട്രഷറര്‍ കൂടിയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.  


ഒരു ജനപ്രതിനിധി ഉള്‍പ്പെട്ട സംഘമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് മൈതാനത്ത് കൊടികുത്തിയത്. മന്ത്രിയുടെ ഉപദേശപ്രകാരം പരാതി നല്‍കാന്‍ ഉപദേശകസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. തൊഴിലിടങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നതുപോലെ ക്ഷേത്രത്തിന് മുന്നില്‍ ദേവസ്വം ബോര്‍ഡ് വക സ്ഥലം കയ്യേറി കൊടികുത്തിയത് ഭക്തജനസമൂഹത്തിനാകെ നാണക്കേട് വരുത്തിവെച്ചിരിക്കയാണെന്ന് വിശ്വാസികള്‍ പറയുന്നു.


മണ്ഡലമകരവിളക്ക് കാലത്ത് ചിറപ്പ് ഉത്സവം നടത്തുന്നതിനും മറ്റ് സമയങ്ങളില്‍ ഭക്തര്‍ക്ക് ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് 'പില്‍ഗ്രിം ഷെല്‍ട്ടര്‍' നിര്‍മിക്കാന്‍ ദേവസ്വംപൊതുമരാമത്ത് വകുപ്പ് തയ്യാറായത്. സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ച ശേഷം എസ്റ്റിമേറ്റ് തുകയില്‍നിന്നും 25 ശതമാനം താഴ്ത്തി എന്‍.ടി.സജിമോന്‍ എന്നയാള്‍ കരാര്‍ ഏറ്റെടുക്കുകയും ചെയ്തു. മണ്ഡലമകരവിളക്ക് ഉത്സവം ആരംഭിക്കുംമുമ്പേ നിര്‍മാണം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പണികള്‍ ആരംഭിച്ചപ്പോഴാണ് ഒരു സംഘം ആളുകള്‍ രംഗത്തെത്തി സ്ഥലത്ത് കൊടികുത്തി പ്രവൃത്തി തടഞ്ഞത്. ഇതോടെ നിര്‍മാണം നിലച്ചു. നിര്‍മാണത്തിനായി തറ കുഴിച്ച് പുറത്തെടുത്ത കല്ലും മണ്ണും  ക്ഷേത്രത്തിന് തന്നെ അഭംഗിയാകുന്ന രീതിയില്‍ മൈതാനത്ത് കൂടികിടക്കുകയാണിപ്പോള്‍.


വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ദേവപ്രശ്നത്തിന്‍റെയും കോടതി വിധിയുടെയും പേരു പറഞ്ഞ് ബിജെപിയുടെ ഒരു ജനപ്രതിനിധി കൂടി നേതൃത്വം നല്‍കി ഇപ്പോള്‍ നടത്തിയ ഈ പ്രതിഷേധം വരുന്ന തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് ഒരു ആരോപണം. ബിജെപി അനുകൂലികളായ ഭക്തര്‍ വരെ ഇത് തെറ്റായി പോയി എന്ന് പറയുന്നുണ്ട്. ഈ ഒരു കെട്ടിടം വന്നാല്‍ ശബരിമല സീസണിലും ഉത്സവസമയങ്ങളിലും ഉള്‍പ്പെടെ ഭക്തജനങ്ങള്‍ക്ക് ഉപകരിക്കപ്പെടും എന്നതിനുപുറമെ എല്ലാ വര്‍ഷവും ചിറപ്പിനായി താത്ക്കാലികഷെഡ് നിര്‍മിക്കുന്നതിനുള്ള ചിലവും ലാഭിക്കാമല്ലോ എന്നാണ് ഭക്തജനങ്ങള്‍ ചൂണ്ടികാട്ടുന്നത്. 


2002 ഏപ്രിലില്‍ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിന്‍റെ ചാര്‍ത്തില്‍ "നാമജപം, ഭജന മുതലായവ ഒഴിച്ച് പുറത്തുവെച്ച് മറ്റ് ഉപാധികളോ ഫോട്ടോകളോവച്ചുള്ള ആരാധനകള്‍ നടത്താന്‍ പാടില്ല" എന്ന് പറയുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്ര മതിലിനുവെളിയില്‍ നടത്തുന്ന ചിറപ്പ് മഹോത്സവം നിര്‍ത്തണമെന്നോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നോ പറഞ്ഞിട്ടില്ല. ദേവപ്രശ്നം നടക്കുന്നതിനു മുമ്പും തുടര്‍ന്നും എല്ലാ വര്‍ഷവും ഇവിടെ ചിറപ്പ് ഉത്സവം നടന്നുവരുന്നുമുണ്ട്. മാത്രമല്ല, ക്ഷേത്രമതില്‍ക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന ബുക് സ്റ്റാളിനായി ഏതാനും വര്‍ഷം മുമ്പ് മൈതാനത്ത് സ്ഥിരം കെട്ടിടം നിര്‍മിച്ചതിനെതിരെ ആരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മിക്കാനിരിക്കുന്ന സ്ഥലത്തിന് നേരെ തെക്കുവശത്താണ് ഈ കെട്ടിടം.



ക്ഷേത്രമൈതാനത്ത് നിര്‍മാണപ്രവര്‍ത്തനം പാടില്ലെന്ന് കോടി വിധിയില്ലെന്നാണ് മുന്‍ ഉപദേശകസമിതി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. 2015ല്‍ മുന്‍ ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജഡ്ജിമാരായ പി.എന്‍.രവീന്ദ്രന്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരുടെ വിധിന്യായത്തില്‍ പറയുന്നത് "ഭക്തർക്ക് സ്വതന്ത്രമായി അകത്തേക്കും പുറത്തേക്കും പോകാൻ സൗകര്യമൊരുക്കുന്നതിനായി, കല്യാണമണ്ഡപത്തിനും ആൽത്തറയ്ക്കും ഇടയിലുള്ള പ്രദേശത്ത്, അതായത് കല്യാണമണ്ഡപത്തിൽ നിന്ന് 10 മീറ്റർ അകലം വരെ, ഇരുചക്ര വാഹനങ്ങളുടെയും ചെറുകിട വ്യാപാരികൾ, ലോട്ടറി വിൽപ്പനക്കാർ തുടങ്ങിയ മറ്റ് വാഹനങ്ങളുടെയും പ്രവേശനം അനുവദിക്കില്ല." എന്നാണ്. ഉത്സവ സീസണുകളിൽ ആനകളുടെ ചലനത്തിന് തടസ്സമാകാതെ ഒരു സ്റ്റീൽ ചങ്ങലയോ താൽക്കാലിക വേലിയോ സ്ഥാപിച്ച് ഇത് ഉറപ്പാക്കാമെന്നും ഈ വിധിയില്‍ പറയുന്നുണ്ട്.


അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൗനം ഉത്സവസമയത്തെ 'ചാകര' ലക്ഷ്യമിട്ട് ?


തങ്ങള്‍ നിര്‍ദേശിച്ചിട്ടും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഈ വിഷയത്തില്‍ അനങ്ങാപാറനയം സ്വീകരിക്കുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്സവസമയത്തെ പണപിരിവും അതിലൂടെയുണ്ടാക്കാവുന്ന ലാഭവും പ്രതീക്ഷിച്ചാണെന്ന ആരോപണം ഉപദേശകസമിതി അംഗങ്ങളുടെ ഭാഗത്തുനിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. ഉപദേശകസമിതി നിര്‍ജീവമാണെന്ന് ഭക്തരുടെ മുന്നില്‍ വരുത്തിതീര്‍ത്താല്‍ മാത്രമേ ഈ ലക്ഷ്യം സാധ്യമാകു. കഴിഞ്ഞവര്‍ഷം ഉപദേശകസമിതിയെ നോക്കുകുത്തിയാക്കി ക്ഷേത്രകാര്യങ്ങളില്‍ 'സമാന്തര സമിതി'യെ ഇടപെടുത്തി അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുരാരി ബാബു ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ക്രമക്കേടുകള്‍ ഇദ്ദേഹത്തിനു മുന്നും പിന്നും ഇരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ മാതൃകയാക്കിയിട്ടുണ്ടെന്നാണ് പരക്കെയുള്ള ആരോപണം.


പ്രതിഷേധത്തിന് മുന്നില്‍ ഭക്തര്‍ക്ക് അപ്രിയനായവനും മുന്‍ ഉപദേശകസമിതി അംഗവും


പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ ജനപ്രതിനിധിയോടൊപ്പം മുന്നില്‍ നില്‍ക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കുകയും കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരിക്കുന്നത് ഭക്തജനങ്ങള്‍ക്ക് പ്രത്യേകിച്ചും വനിതകള്‍ക്ക് അപ്രിയനായ ആളാണെന്ന ആരോപണവും ഉയരുന്നു. ക്ഷേത്രം ശ്രീകോവിലിനുമുന്നില്‍ ജീവനക്കാരനാണെന്ന വ്യാജേന ഭക്തരെ നിയന്ത്രിക്കുവാന്‍ നില്‍ക്കുകയും വനിതകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആളാണിയാള്‍. ഇയാള്‍ മുഖേന അപമാനം സഹിക്കേണ്ടിവന്ന ഏതാനും വനിതകള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം  സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നതാണ്.


കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ഷേത്രത്തിലെ സമാന്തരപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന മുന്‍ ഉപദേശകസമിതി അംഗവും പ്രതിഷേധക്കാരോടൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഇത് ചില ഗൂഡലക്ഷ്യങ്ങളോടെയാണെന്നാണ് ആരോപണം. ക്ഷേത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഏറ്റെടുത്ത് നടത്തിവന്നിരുന്നത് ഈ യുവാവാണ്. കരാര്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഉപകരാര്‍ എടുത്താണ് ഈ പ്രവൃത്തികള്‍ നടത്തിയിരുന്നത്. പില്‍ഗ്രിം ഷെല്‍ട്ടറിന്‍റെ നിര്‍മാണം തനിക്ക് ലഭിക്കാത്തതാണ് പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് ഉപദേശകസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. 


ഏതായാലും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചിലര്‍ തന്നെ പ്രശ്നം തിരിഞ്ഞുകടിക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍.  എങ്ങിനെയെങ്കിലും പ്രശ്നം ഒത്തുതീര്‍പ്പാക്കി തലയൂരിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരുമുണ്ട്. കാരണം തങ്ങളുടെ പ്രതിഷേധം മൂലം കെട്ടിടനിര്‍മാണം നടക്കാതിരിക്കുകയും അത് ചിറപ്പ് ഉത്സവത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്താല്‍ ഭക്തജനങ്ങളുടെ അപ്രീതി തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ഇവരില്‍ പലരും ഭയപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940