23 January, 2026 03:54:39 PM


ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയാകും മുരാരി ബാബു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു എസ്‌ഐടി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഇതില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ഈ കേസില്‍ ഒക്ടോബര്‍ 23നായിരുന്നു മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. മുരാരി ബാബു ഇടപെട്ടാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്‌ഐടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്‌ഐടി അറസ്റ്റിലേക്ക് നീങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919