30 January, 2026 10:18:02 AM
ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.







