14 January, 2026 12:59:34 PM


കലാപൂരത്തിന് തിരിതെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു



തൃശൂർ: പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി. അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കൗമാര കലാ സംഗമത്തില്‍ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. 

ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. 

ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916