23 January, 2026 09:21:01 AM


കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം; മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ഉള്‍പ്പടെയുള്ളവരെ സസ്‌പെന്റ് ചെയ്തു. എസ്എച്ച്ഒ ബി ജയന്‍, എസ്‌ഐ അരുണ്‍, ജിഎസ്‌ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തി. സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ദക്ഷിണ മേഖലാ ഐജിയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.

ജനുവരി നാലിന് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്‍റെ മരണത്തിന് പിന്നാലെ സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ എം സി റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേർക്കെതിരെയാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. അഭിഭാഷക സിജിമോൾ ഒന്നാം പ്രതിയും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അധീഷ് രണ്ടാംപ്രതിയുമാണ്.

പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരിൽ നിന്ന് പുതുക്കോട്ടയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാർ തടഞ്ഞു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വള്ളക്കടവ് വിഷ്ണുവിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. ജീപ്പിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു.

ജീപ്പിൽനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ടുപേരുടെ ഐഡി കാർഡും കണ്ടെത്തിയിരുന്നു. അപകടത്തിൽ തകരാറിലായ മഹീന്ദ്ര ഥാർ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞ ദിവസം ആരോ തീയിട്ടു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു ആരോപണം. രഞ്ജിത്തിനും അംബികയ്ക്കും ആറും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K