29 January, 2026 09:45:07 AM
സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി; ജനപ്രയി ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ക്ഷേമ പ്രഖ്യാപനങ്ങളുടെ ഒരു നിര ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കലും ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ച അതിവേഗ റെയിൽപാതയ്ക്ക് വേണ്ടിയും നീക്കിവപ്പുണ്ടാകും.
"10 വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളം"
10 വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഓരോ മേഖലയിലും വന്ന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും മന്ത്രി അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു.
ക്ഷേമ പെൻഷന് 14,500 കോടി. സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി നീക്കിവെക്കുന്നതായി മന്ത്രി അറിയിച്ചു.
ആശാ വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു
അംഗൻവാടി പ്രവർത്തകരുടെ വേതനം 1000, 500 രൂപ വീതം ഉയർത്തി
സ്കൂൾ പാചക തൊഴിലാളി ദിവസ വേതനം 25 രൂപയുടെ വർധന
ബജറ്റിൽ കേന്ദ്രത്തിന് വിമർശനം
സംസ്ഥാന ബജറ്റിൽ കേന്ദ്രത്തിന് വിമർശനം. സംസ്ഥാനത്തിൻ്റെ നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. ജിഎസ്‌ടിയിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാൻഡിലും കേരളത്തിൻ്റെ വിഹിതം ഗണ്യമായി കുറഞ്ഞു. കടമെടുപ്പ് വായ്പാ പരിധി വെട്ടിക്കുറച്ചു.
വയനാട് പുനരധിവാസം
വയനാട് ദുരന്തത്തിന് പിന്നാലെ ആരംഭിച്ച ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. ഫെബ്രുവരി 3ആം വാരം ആദ്യ ബാച്ച് വീട് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
വയോജന ബജറ്റ്
രാജ്യത്തെ ആദ്യ വയോജന ബജറ്റ് അവതരിപ്പിച്ച് സർക്കാർ. വയോജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ സുരക്ഷയും സർക്കാർ ഗൗരവത്തോടെ കാണുന്നു. അതിനാൽ എൽഡർലി ബജറ്റ് എന്ന പുതിയ കാര്യം കൂടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സ്വപ്ന ബജറ്റല്ല, മറിച്ച് പ്രായോഗിക ബജറ്റാകും അവതരിപ്പിക്കുകയെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. നല്ലതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്നതാകും ബജറ്റ്. സർക്കാരുകൾ ഏതായാലും ഈ സർക്കാരിൻ്റെ തുടർച്ചയായി വിഭാവനം ചെയ്യാൻ കഴിയുന്ന ക്ഷേമ പ്രവർത്തനങ്ങൾ അടങ്ങിയതായിരിക്കും ബജറ്റ്. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ചെയ്തുതീർക്കാൻ കഴിയുന്ന കാര്യങ്ങളാകും ബജറ്റിൽ ഉണ്ടാകുക. വെറും പ്രഖ്യാപനങ്ങൾ മാത്രമല്ല വേണ്ടത്, ധനകാര്യ സ്ഥിതി പ്രധാനം. സ്കീമുകളുടെ പ്രത്യേകത ഉൾപ്പെടെ ബജറ്റിൽ ചേർത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.







