24 January, 2026 10:52:26 AM
കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവം: മുഖ്യപ്രതി വിഷ്ണു പിടിയില്‍

തിരുവനന്തപുരം: ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂര്‍ വാഹനാപകടത്തിലെ പ്രതി പിടിയില്‍. ഇടിച്ച വാഹനത്തിന്റെ ഉടമ വിഷ്ണുവാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്‌കോഡാണ് പ്രതിയെ പിടികൂടിയത്. വാഹനം ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. പ്രതിയെ ഡിവൈഎഫ്പി ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി. എസ്എച്ച്ഒ ബി ജയന്‍, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ദക്ഷിണ മേഖലാ ഐജിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.
ജനുവരി നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തത്. അഭിഭാഷക സിജിമോള്‍ ഒന്നാം പ്രതിയും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അധീഷ് രണ്ടാംപ്രതിയുമാണ്.
പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരില്‍നിന്ന് പുതുക്കോട്ടയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാര്‍ തടഞ്ഞു. മദ്യ ലഹരിയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉള്‍പ്പെടെ രണ്ടുപേരുടെ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു. അപകടത്തില്‍ തകരാറിലായ മഹീന്ദ്ര ഥാര്‍ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ആരോ തീയിട്ടു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു ആരോപണം. രഞ്ജിത്തിനും അംബികയ്ക്കും ആറും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുണ്ട്.







