26 July, 2025 12:05:45 PM


പൊലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവ് പിടിയിൽ



കോഴിക്കോട്: പൊലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്കാണ് പിടിയിലായത്. ഇന്ന് രാവിലെ പരിക്കേറ്റ നിലയിൽ നടന്നുപോകുമ്പോൾ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന ഷെഫീക്ക് പൊലീസ് തടഞ്ഞപ്പോൾ ഇന്നലെ ചുരത്തിൽ നിന്ന് എടുത്തുചാടുകയായിരുന്നു.

ഇന്നലെ ​ഗോവിന്ദച്ചാമി ജയിൽചാടിയതിന് പിന്നാലെ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഷെഫീക്ക് ചുരത്തിലെ കൊക്കയിലേയ്ക്ക് ചാടിയത്. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തായിരുന്നു സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് പൊലീസും ഫയർഫോഴ്സും വ്യാപക പരിശോധന നടത്തിയിരുന്നെങ്കിലും പ്രതിയെ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയായിരുന്നു ഷഫീക്ക്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K