23 June, 2025 01:25:25 PM


'കാവിക്കൊടി ദേശീയ പതാകയാക്കണം'; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്



പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദപരാമർശത്തിൽ ബിജെപി നേതാവും കൗൺസിലറുമായ എൻ.ശിവരാജിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പാലക്കാട് ടൗൺ പൊലീസാണ് കേസെടുത്തത്. ബിഎസ്എൻ 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് പരാതി.

ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. കോൺഗ്രസും ഡിവൈഎഫ്‌ഐയുമാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ശിവരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാരതാംബയെ എൽഡിഎഫും യുഡിഎഫും അധിക്ഷേപിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമർശം.

ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടിയാക്കണമെന്ന് ദേശീയ പതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നുമാണ് ശിവരാജൻ പറഞ്ഞത്. കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K