20 June, 2025 09:52:28 PM


ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു



കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്‌റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിർമിക്കുന്നത്. സഹകരണ തുറമുഖം ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള  50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും  ചെലവിട്ടാണ് നിർമാണം. ഒരേക്കറോളം വരുന്ന ഗ്രൗണ്ടിൽ  ഫെൻസിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്‌നേജ് സംവിധാനം, ഓപ്പൺ ജിം എന്നിവയും ഇൻഡോറിൽ  സ്‌പോർട്‌സ് ഫ്‌ളോറിങ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. ഫുട്‌ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി  90 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് ഗ്രൗണ്ട് നിർമിക്കുന്നത്.
 
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഒരു പഞ്ചായത്ത് ഒരു കളിക്കളം'. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്.  കായിക സൗകര്യങ്ങൾ ലഭ്യമാക്കുക വഴി കുട്ടികളെ കളിക്കളങ്ങളിലേക്കെത്തിച്ച് കായിക മേഖലയിലെ വളർച്ചയാണ് ലക്ഷ്യം വെക്കുന്നതെന്ന് നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രദീപ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955