09 June, 2025 10:12:13 AM
ഹണിമൂണിനിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യ, പ്രതികൾ പിടിയിൽ

ഭോപ്പാൽ: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വഴിത്തിരിവ്. മേഘാലയയിലെ ഒരു മലയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ കാണാതായ ഭാര്യയെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മേഘാലയയിൽ ഹണിമൂൺ സമയത്ത് ഭാര്യ സോനം രഘുവംശി ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കുകയായിരുന്നുവെന്ന് ഡിജിപി ഐ നോൻഗ്രാങ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ സോനം പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അതേസമയം രാത്രി നടത്തിയ റെയ്ഡുകളിൽ മറ്റ് മൂന്ന് കൊലയാളികളെ അറസ്റ്റ് ചെയ്തതായും ഡിജിപി അറിയിച്ചു. ഒരാളെ യുപിയിൽ നിന്നാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികളെ ഇൻഡോറിൽ നിന്ന് എസ്ഐടി പിടികൂടുകയായിരുന്നു. രഘുവംശിയെ കൊല്ലാൻ ഭാര്യയാണ് തങ്ങളെ വാടകയ്ക്കെടുത്തതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.