29 May, 2025 10:19:24 AM


കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ



കൊച്ചി: എറണാകുളം കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ .കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശം എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്തു നിന്നുമാണ് ബിന്ദുവിനെ പൊലീസ് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം സ്കൂട്ടറിൽ പോവുകയായിരുന്നു ഇവർ.

ബിന്ദുവിനെ ചോദ്യം ചെയ്തതോടെ ഇരുവരും ഒരുമിച്ചാണ് ബെംഗളുരുവിൽ പോയതെന്നും മയക്കുമരുന്ന് വാങ്ങിയ ശേഷം ഷെഫീക്ക് ബിന്ദുവിനെ ബസ്സിൽ കയറ്റി വിട്ടതായും സമ്മതിച്ചു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷെഫീഖ് മറ്റൊരു ബസ്സിൽ ബെം​ഗളൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഷെഫീക്കും പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. ബെംഗളൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇവരുടെ പതിവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K