26 May, 2025 10:15:50 AM
എസ് പി പിള്ള പുരസ്കാര സമർപ്പണവും അനുസ്മരണവും ജൂൺ 11ന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ: ജനകീയ വികസന സമിതിയുടെ പ്രഥമ എസ് പി പിള്ള പുരസ്കാരം ജൂൺ 11ന് കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ സമ്മാനിക്കും. ഫലകവും 10001 രൂപയുമാണ് അവാർഡ്. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വൈകിട്ട് 4. 30ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരിക്കും. ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിക്കും. താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് ജയൻ ചേർത്തല, ആത്മയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് മോഹൻ ഐരൂർ, ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ജൂറി അംഗം ഹരികുമാർ ചങ്ങമ്പുഴ എന്നിവർ സംസാരിക്കും.
രണ്ടുമണിക്ക് ചേരുന്ന ജനകീയ വികസന സമിതിയുടെ വാർഷിക യോഗത്തിനുശേഷം 3ന് കോട്ടയം ജില്ലയിലെ വിവിധ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചാരിമേള മത്സരം ഉണ്ടാകും. വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഏറ്റുമാനൂർ , മുൻസിപ്പാലിറ്റിയിലും അതിരമ്പുഴ, നീണ്ടൂർ, കിടങ്ങൂർ, കാണക്കാരി, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളിലുമുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ +2 വിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച അഞ്ചു വിദ്യാർത്ഥികളെ വീതം സ്കൂളുകളിലെ പ്രഥമ അധ്യാപകരുടെ സാന്നിധ്യത്തിൽ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ, ലൗലി ജോർജ് പടികരയും പ്രതിപക്ഷ നേതാവ് ഇ. എസ് ബിജുവും ചേർന്ന് ആദരിക്കും.
ജനകീയ വികസന സമിതി സംഘടിപ്പിച്ച തിരുവാതിര കളി മത്സരത്തിൽ ഒന്നാം സമ്മാനാർക്കരായ വയല ശ്രീ ദുർഗ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര തുടർന്ന് നടക്കും. സംഘടനയുടെ രക്ഷാധികാരിയും, ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ എൻ. അരവിന്ദാക്ഷൻ നായർ സ്വാഗതവും, ജനകീയ വികസന സമിത സെക്രട്ടറി മോഹൻകുമാർ മംഗലത്ത് കൃതജ്ഞതയും രേഖപ്പെടുത്തും.