12 October, 2016 03:25:55 PM
നായക പ്രധാന്യം ഉള്ള ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ല - നടി ഭാമ
നായികക്ക് എന്തെങ്കിലും പ്രധാന്യം ഉണ്ട് എന്ന് തോന്നുന്ന ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കുന്നുള്ളൂവെന്ന് നടി ഭാമ. ഇതുവരെ അഭിനയിച്ച പല ചിത്രങ്ങളും നായക പ്രാധാന്യം ഉള്ളവയായിരുന്നെന്നും താരം വ്യക്തമാക്കി.
സിനിമ സ്വപ്നം കാണാതെ അഭിനയ ലോകത്ത് എത്തിപ്പെട്ടതാണ് ഞാന്‍. എന്നാല്‍ കിട്ടിയതേറെയും നായകന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും. കിട്ടുന്ന സിനിമകളിലൊക്കെ അഭിനയിക്കുന്ന ശീലം നിറുത്തിയതും അതുമൂലമാണെന്നും ഭാമ പറഞ്ഞു. ഒട്ടും പ്രാധാന്യമില്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ താന്‍ സംതൃപ്തയുമായിരുന്നില്ല.
ലോഹിതദാസിന്‍റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ പദവി ഉറപ്പിച്ച താരമായിരുന്നു ഭാമ. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു. എന്നാല്‍ അടുത്തിടെയായി മലയാള സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് താരം. ഇതോടെ ഭാമ സിനിമാ അഭിനയം നിര്‍ത്തി എന്ന അഭ്യൂഹവും വരാന്‍തുടങ്ങി. എന്നാല്‍ ഇതിന് മറുപടിയുമായിട്ടാണ് ഭാമ ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.