30 January, 2025 06:55:07 PM
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകം; അമ്മാവൻ ഹരികുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്.
ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേ സമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.
ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും കണക്കുകൂട്ടൽ. ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.