28 January, 2025 08:54:13 AM
ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ "കളിച്ചു നേടാം ആരോഗ്യം" പദ്ധതിക്ക് തുടക്കം കുറിച്ചു
ഏറ്റുമാനൂർ: ബാഡ്മിൻ്റൺ കോർട്ടിലിറങ്ങി മന്ത്രി ആദ്യ സർവീസ് ചെയ്തതോടെ ഏറ്റുമാനൂർ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ "കളിച്ചു നേടാം ആരോഗ്യം" പദ്ധതിക്ക് തുടക്കം കുറിച്ചു. റിപ്പബ്ലിക് ദിനത്തിൽ അസോസിയേഷൻ ആരംഭിച്ച പദ്ധതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ തൊട്ടുപിന്നാലെ കളിക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഫ്രഞ്ച് കമ്പനിയായ ഡെക്കാത്തലണുമായി സഹകരിച്ചാണ് അസോസിയേഷൻ പദ്ധതി നടപ്പാക്കുന്നത്. ചെറുപ്പത്തിലേ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന, ഡിജിറ്റൽ ലോകത്തു തളച്ചിടപ്പെടുന്ന പുതു തലമുറയ്ക്ക് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ആരംഭിച്ച "കളിച്ചു നേടാം ആരോഗ്യം", "അക്ഷരവേദി" എന്നീ രണ്ട് പദ്ധതികൾക്കാാണ് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിച്ചത്.
ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ബീന "അക്ഷരവേദി" ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ സെൻ്റ് തോമസും ഡെക്കാത്തലോണും മാതൃഭൂമിയും ചേർന്നൊരുക്കിയ അക്ഷരകിറ്റുകളുടെ വിതരണോദ്ഘാടനം കമ്മറ്റിയംഗം രവികുമാറിന് ആദ്യകിറ്റ് നൽകി കൊണ്ട് മാതൃഭൂമി ലേഖകൻ ബെന്നി ഫിലിപ്പ് നിർവഹിച്ചു. വിവിധ കായികമത്സരങ്ങളിൽ വിജയികളായവർക്ക് നഗരസഭാ കൗൺസിലർ രശ്മി ശ്യാം സമ്മാനങ്ങൾ വിതരണം ചെയ്തു. ദിനേശ് ആർ ഷേണായി അധ്യക്ഷനായി. ഡെക്കാത്തലൺ തെള്ളകം സ്റ്റോർ മാനേജർ അഖിൽ അപ്പൂസ്, കുട്ടികളുടെ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. പി.സവിദ, അസോസിയേഷൻ രക്ഷാധികാരി എം.എസ് മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.വി.പ്രദീപ്കുമാർ, കമ്മിറ്റിയംഗം ജി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
പദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂർ ടെമ്പിൾ റോഡിലെ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ മന്ദിരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി സ്പോർട്സ് & ഗയിംസ്, യോഗ, ഡാൻസ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനത്തിന് സാഹചര്യം ഒരുക്കുകയാണ്. ഒപ്പം വായിച്ചു വളരുവാനും അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനും വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്.