27 November, 2024 01:17:59 PM


സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയാണെന്ന് കെ സച്ചിദാനന്ദന്‍



തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുകയാണെന്ന് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു.

'എനിക്ക് ഭുമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ എഡിറ്റിങ് ജോലികളില്‍ നിന്നും പിന്‍വാങ്ങുന്നു' സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. വിശ്രമം വേണമെന്ന് സച്ചിദാനന്ദന്‍ അറിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മറവി രോഗമുണ്ടെന്ന് വ്യക്തമാക്കി സച്ചിദാനന്ദൻ നേരത്തെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1 ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923