12 November, 2024 07:57:12 PM
മാലിന്യസംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം; ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ
കോട്ടയം: മാലിന്യസംസ്കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ രണ്ടുലക്ഷം വിദ്യാർഥികൾ പങ്കെടുക്കും. കോർപ്പറേഷൻ പരിധിയിൽ സ്കൂളുകളുടെ എണ്ണമനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കും. ആൺ, പെൺ തുല്യാനുപാതത്തിൽ ഒരു ഹരിതസഭയുടെ ഭാഗമാകുന്നത് 200 കുട്ടികളാണ്. നിലവിൽ വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസർമാരായ അധ്യാപകരും ശിശുദിനത്തിൽ സഭയുടെ ഭാഗമാകും.
വിദ്യാലയങ്ങളിൽ നിന്ന് ഹരിതസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അതത് തദ്ദേശസ്വയംഭരണ പ്രദേശത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി സഭയിൽ അവതരിപ്പിക്കും. സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായുള്ള പ്രശ്നങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവ മാലിന്യ സംസ്കരണരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഹരിതസഭയിൽ ചർച്ച ചെയ്യും. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് അവരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന 11, 12 ക്ലാസുകളിലെ വിദ്യാർഥികളായ എൻ.എസ്.എസ്. വോളന്റിയർമാർ ആയിരിക്കും.
ഹരിതസഭയിൽ പങ്കെടുക്കുന്ന കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും മാലിന്യസംസ്കരണത്തിലെ പോരായ്മകൾ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെടുത്താം. കുട്ടികളുടെ ഹരിതസഭയിൽ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കില, ആർ.ജി.എസ്.എ. തുടങ്ങിയവയിലെ റിസോഴ്സ്പേഴ്സൺമാരുടെ സേവനം പ്രയോജനപ്പെടുത്തും.
തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്കരണരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും പരാതിയിന്മേൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റിപ്പോർട്ട് അവതരിപ്പിക്കും. ഹരിതസഭയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കാനുള്ള അവസരവും നൽകും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് ഹരിതസഭ. സബ് ജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഹരിതസഭ നവംബർ 18 നാണ് സംഘടിപ്പിക്കുക. കുട്ടികളുടെ ഹരിതസഭ പൂർണമായും ഹരിതചട്ടം പാലിച്ചാണ് സംഘടിപ്പിക്കുക.