23 September, 2024 06:20:30 PM
ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു
പട്ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. പട്ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരുക്കില്ല. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഡസനിലധികം പാലങ്ങളും ക്രോസ്വേകളും തകർന്നിരുന്നു.
ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം പണിയുന്നത്. ഇതിന്റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.
2011 ജൂണിലാണ് 5.57 കിലോമീറ്റർ ദൈർഘ്യമുള്ള ഭക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതുവിന്റെ നിർമാണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. 1,602.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സമസ്തിപൂരിലെ എൻ.എച്ച് 28നെയും പട്നയിലെ എൻ.എച്ച് 31നെയും ബന്ധിപ്പിക്കുന്നതാണ് പാലം.