10 September, 2024 11:42:18 AM
റെയിൽവേ ട്രാക്കിൽ കൂറ്റൻ സിമന്റ് കട്ടകൾ; രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം
ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ബംഗാഡ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കൂറ്റൻ സിമന്റ് കട്ടകൾ നിരത്തി ഗുഡ്സ് ട്രെയിൻ പാളം തെറ്റിക്കാനായിരുന്നു ശ്രമമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 70കിലോ ഭാരമുള്ള സിമന്റ് കട്ടകളിൽ ട്രെയിൻ ഇടിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ കാൻപൂരിൽ ഭിവാനി-പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്‌പ്രസ് പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാനിലും ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടായത്. കാൻപൂരിലെ റെയിൽവേ ട്രാക്കിൽ നിന്ന് എൽപിജി സിലിണ്ടറുകളും ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.