02 October, 2016 07:46:52 PM
പ്രഥമ വി.ഡി.രാജപ്പന്‍ പുരസ്കാരം മഞ്ജു പിള്ള ഏറ്റുവാങ്ങി
കോട്ടയം : അപ്പൂപ്പന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന സദസില്‍ പ്രഥമ വി.ഡി.രാജപ്പന്‍ പുരസ്കാരം ഹാസ്യസമ്രാട്ട് എസ്.പി.പിള്ളയുടെ കൊച്ചുമകള്‍ ചലച്ചിത്ര താരം മഞ്ജു പിള്ള ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് പുരസ്കാരം നല്‍കിയത്. ഏറ്റുമാനൂരിന്‍റെ സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എസ്.പി.പിള്ളയുടെയും, വേദികളില്‍ ഒറ്റയാനായി നിന്ന് മലയാളക്കരയെ കുടുകുടെ ചിരിപ്പിച്ച കാഥികനും ചലച്ചിത്രതാരവുമായിരുന്ന വി.ഡി.രാജപ്പന്‍റെയും സ്മരണ നിലനിര്‍ത്തുവാന്‍ ഏറ്റുമാനൂര്‍ മീഡിയാ സെന്‍ററാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇതില്‍ വി.ഡി.രാജപ്പന്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് മഞ്ജുപിള്ള തന്‍റെ അപ്പൂപ്പന്‍ കൂടിയായ എസ്.പി.പിള്ളയെ കുറിച്ച് വാചാലയായത്. ഏറ്റുമാനൂര്‍ വ്യാപാര്‍ഭവനില്‍ നടന്ന ചടങ്ങില്ലാണ് ശില്‍പവും പ്രശസ്തി പത്രവും സ്വര്‍ണ്ണപതക്കവും അടങ്ങുന്ന അവാര്‍ഡ് മഞ്ജുപിള്ള ഏറ്റുവാങ്ങിയത്.
ഏറ്റുമാനൂരിന്‍റെ മാനസപുത്രനും ഹാസ്യസമ്രാട്ടുമായ എസ്.പി.പിള്ളയുടെ പേരിലുള്ള പുരസ്കാരം നടന്‍ ജഗതി ശ്രീകുമാറിന് 15ന് തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ വസതിയില്‍ ശ്രീകുമാരന്‍ തമ്പി കൈമാറും. എസ്.പി.പിള്ളയുടെയും വി.ഡി.രാജപ്പന്‍റെയും പേരിലുള്ള പ്രഥമ പുരസ്കാരങ്ങള്‍ താന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ജഗതി ശ്രീകുമാറിനും മഞ്ജു പിള്ളയ്ക്കും തന്‍റെ കൈകൊണ്ട് തന്നെ നല്‍കുവാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യമായും നിയോഗമായും കാണുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പ്രസിഡന്‍റ് രാജു കുടിലില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീകുമാരന്‍ തമ്പിയെ അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, മീഡിയാ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ആത്മജ വര്‍മ്മ തമ്പുരാന്‍, ഹരിയേറ്റുമാനൂര് എന്നിവര്‍ പ്രസംഗിച്ചു.