07 August, 2024 08:59:13 AM
വയനാട് ദുരന്തം: കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 152 പേരെ
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കി. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കാണാതായവരുടെ ബന്ധുക്കൾ ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്ക്കരിച്ചതായി മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ ഇതുവരെ 224 മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. ചൊവ്വാഴ്ച സൺറൈസ് വാലിയിൽ പരിശോധന നടത്തിയെന്നും നിലമ്പൂരിൽ രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയെന്നും മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. തെരച്ചിൽ ഇന്നും തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ക്യാമ്പിൽ താമസിക്കുന്നവർ ഒഴിയുന്ന മുറയ്ക്ക് ജിവിഎച്ച്എസ് വെള്ളാർമലയിലെ കുട്ടികൾക്ക് ജിഎച്ച്എസ്എസ് മേപ്പാടിയിലും ജിഎൽപി സ്ക്കൂൾ മുണ്ടക്കൈയിലെ വിദ്യാർത്ഥികൾക്ക് ജിഎൽപിഎസ് മേപ്പാടിയിലും പഠന സൗകര്യം ഒരുക്കും. ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ഏറ്റെടുത്ത 64 സെൻ്റിനു പുറമേ 25 സെൻ്റ് ഭൂമി കൂടി ഏറ്റെടുത്തു. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഈ പ്രദേശത്താണെന്നും മന്ത്രി വ്യക്തമാക്കി.
16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2,225 പേരാണുള്ളത്. ക്യാമ്പിൽ 847 പുരുഷന്മാരും 845 സ്ത്രീകളും 533 കുട്ടികളും 4 ഗർഭിണികളുമാണുള്ളത്. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും. മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കെ രാജൻ വ്യക്തമാക്കി. ദുരന്ത ബാധിതരായി ക്യാമ്പുകളിൽ കഴിയുന്ന വരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രിമാരായ എ കെ ശശീന്ദ്രനും ഒ ആർ കേളുവും പറഞ്ഞു.