06 July, 2024 05:24:32 PM
കളിക്കുന്നതിനിടയില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഫരീദാബാദ്: വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. 6, 8, 10 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരും സഹോദരങ്ങളാണ്. ആറ് വയസ്സുള്ള ആദിലും എട്ട് വയസ്സുള്ള മുസ്‌കാനും 10 വയസ്സുള്ള ആകാശുമാണ് മരിച്ചത്. ധര്‍മേന്ദ്ര കുമാര്‍ എന്നയാളുടെ മക്കളാണിവര്‍. അപകടത്തില്‍പ്പെട്ട കുട്ടികളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം കാരണമാണ് ബാല്‍ക്കണി തകര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കുടുംബത്തിലെ ബാക്കിയുള്ളവരെ മാറ്റിത്താമസിപ്പിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൈമാറുമെന്ന് സെക്ടര്‍ 58 എസ്എച്ച്ഒ കൃഷന്‍ കുമാര്‍ പറഞ്ഞു. കെട്ടിടത്തിന്റെ ബലക്ഷയം അറിഞ്ഞിട്ടും വാടകയ്ക്ക് നല്‍കിയ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.