06 July, 2024 12:25:51 PM
രാജ്യദ്രോഹികളുടെ പണം വാങ്ങി കുട്ടികൾക്ക് സമ്മാനം നൽകുന്നത് നാടിന് കളങ്കം - ഷോൺ ജോർജ്
കോട്ടയം: രാജ്യദ്രോഹികളായ ആളുകളുടെ പണം വാങ്ങി പാവപെട്ട കുട്ടികൾക്ക് സമ്മാനം നൽകുന്ന ജനപ്രതിനിധികളുടെ നടപടി നാടിന് തന്നെ കളങ്കമാണെന്ന് അഡ്വ.ഷോൺ ജോർജ്. പൂഞ്ഞാറിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നതിനായി നടത്തിയ പരിപാടിയിൽ സ്പോൺസർമാരായി സൈലം ഗ്രൂപ്പിനെ കണ്ടെത്തിയ നടപടിയെ കുറ്റപ്പെടുത്തികൊണ്ടാണ് ഷോൺ ജോർജ് ഇങ്ങനെ പ്രതികരിച്ചത്.
ഇൻകം ടാക്സ് സൈലം ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ കോടാനുകോടി രൂപയുടെ തിരിമറി നടന്നതായ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഷോൺ ജോർജിന്റെ കുറ്റപ്പെടുത്തൽ. എം എൽ എ സ് പ്രതിഭ പുരസ്കാരം എന്ന പേരിൽ മന്ത്രി റോഷി അഗസ്റ്റിനും പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കലും ചേർന്ന് നടത്തിയ പരിപാടിക്കാണ് സൈലം ഗ്രൂപ്പ് സ്പോൺസർ ചെയ്തത്. സൈലത്തിന്റെ പരസ്യം സഹിതമാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഷോൺ തന്റെ ഫേസ്ബുക് പേജിൽ പ്രതിഷേധം അറിയിച്ചത്.
ഷോൺ ജോർജിന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ.
ജനപ്രതിനിധികൾ പരിപാടിക്ക് സ്പോൺസർഷിപ്പ് വാങ്ങിക്കുമ്പോൾ ആ സ്പോൺസർ ചെയ്യുന്ന കമ്പനികൾ ഏത് തരക്കാരാണെന്ന് നോക്കാതെ ആര് പണം തന്നാലും കൈ നീട്ടി വാങ്ങിക്കുന്ന ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ പിന്നീട് വലിയ വിപത്തിനെ ക്ഷണിച്ചു വരുത്തലാവും. അത് നാടിന് ഉൾപ്പെടെ അപമാനമാകും. എം.എൽ.എ പ്രതിഭാ പുരസ്കാരം പൂർണ്ണമായും സ്പോൺസർ ചെയ്തിരിക്കുന്ന "XYLEM" എന്ന് പറയുന്ന ഈ ഗ്രൂപ്പിൽ നടത്തിയ ഇൻകം ടാക്സ് റെയ്ഡിൽ കോടാനുകോടിയിൽ അധികം രൂപയുടെ തിരിമറിയാണ് ഈ കമ്പനി നടത്തിയിട്ടുള്ളതായി മനസ്സിലാകുന്നത്. ഇത്രയും രാജ്യദ്രോഹപരമായ കുറ്റം ചെയ്യുന്ന കമ്പനികളിൽ നിന്നും കിട്ടുന്നത് മേടിച്ചു നക്കുക എന്ന് പറയുന്ന സ്വഭാവം നാടിനും ജനപ്രതിനിധികൾക്കും ചേർന്നത് അല്ലായെന്ന് ഓർമിപ്പിക്കുന്നു.
പ്രതിഭകളായ പൂഞ്ഞാറിലെ കുട്ടികൾക്ക് ഇത്തരം കളങ്കിതരിൽ നിന്നും കൈപ്പറ്റുന്ന പണം കൊണ്ട് ട്രോഫിയും, മെഡലും,സർട്ടിഫിക്കറ്റും വാങ്ങി നൽകിയത് നാടിനു തന്നെ കളങ്കമായി മാറി.ഇത് മിടുക്കരായ വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായി .