04 July, 2024 06:06:15 PM


ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർഥിയും കാമുകിയും മരിച്ചനിലയിൽ



ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാര്‍ഥിനിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത്(25) സൗത്ത് ബെംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിലവിൽ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാര്‍ഥിയാണ്. അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യംവിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.

ജൂലായ് ഒന്നാം തീയതിയാണ് രണ്ടുപേരെയും കാണാതായത്. സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ ഓട്ടോയിലാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. വീട്ടില്‍നിന്ന് പോകുന്നതിന് മുന്‍പ് അഞ്ജന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും ശ്രീകാന്തില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K