24 September, 2016 10:19:35 PM
എസ്.പി.പിള്ള, വി.ഡി.രാജപ്പന്‍ പുരസ്കാരങ്ങള്‍ ജഗതിയ്ക്കും മഞ്ജുവിനും
കോട്ടയം : ഹാസ്യ സമ്രാട്ടും അഭിനയ പ്രതിഭയുമായിരുന്ന എസ്.പി.പിള്ളയുടെയും ഹാസ്യ കാഥികനും നടനുമായിരുന്ന വി.ഡി.രാജപ്പന്‍റെയും സ്മരണ നിലനിര്‍ത്താന്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഏറ്റുമാനൂര്‍ മീഡിയ സെന്‍ററാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്രതാരം ജഗതി ശ്രീകുമാറിനാണ് പ്രഥമ എസ്.പി. പിള്ള പുരസ്കാരം. പ്രഥമ വി.ഡി.രാജപ്പന്‍ പുരസ്കാരം എസ്.പി.പിള്ളയുടെ കൊച്ചുമകള്‍ സിനിമ - സീരിയല്‍ താരം മഞ്ജു പിള്ളക്കാണ്. ശില്പവും സ്വര്‍ണ പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മീഡിയാ സെന്‍റര്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ കവിയും ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമര്‍പ്പിക്കും. മീഡിയാ സെന്‍റര്‍ വാര്‍ഷികാഘോഷങ്ങള്‍ അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്രസംഗിക്കും. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ ഉള്‍കൊള്ളിച്ച് യുവ ചലച്ചിത്ര പിന്നണി ഗായകരായ ശ്യാമ, ജയരാജ് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യ സമ്മേളനാനനന്തരം ഉണ്ടാവും.
ശ്രീകുമാരന്‍ തമ്പി ചെയര്‍മാനും ആര്‍ട്ടിസ്റ്റ് സുജാതന്‍, കവിയും ഗാനരചയിതാവുമായ ഹരിയേറ്റുമാനൂര് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. ജൂറി അംഗങ്ങളായ ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരിയേറ്റുമാനൂര്, ഏറ്റുമാനൂര്‍ മീഡിയ സെന്‍റര്‍ പ്രസിഡന്‍റ് രാജു കുടിലില്‍, ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ ജോസ് കാണക്കരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.