13 June, 2024 01:01:49 PM


കുവൈത്തില്‍ മരിച്ചത് 24 മലയാളികൾ: മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം



തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തില്‍ ഗുരുതരാവസ്ഥയിലായ ഏഴുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കുറച്ചുപേര്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഏറ്റവുംകുറഞ്ഞ സമയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയവും കുവൈത്ത് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നത്.

നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പരാണിത്. കുവൈത്തില്‍ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്‌കുകളും വിവരം പരസ്പരം കൈമാറുന്നുണ്ട്. എട്ടോളം പേര്‍ കുവൈത്തിലെ ഹെല്‍പ്പ് ഡെസ്‌കിലുണ്ട്. ഇവര്‍ മോര്‍ച്ചറിയിലും ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു.


മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേര്‍ മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K