13 January, 2026 10:49:54 AM
സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരനുമാണ് അതിജീവിത പരാതി നല്‍കിയത്. തന്റെ വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. വ്യക്തിഹത്യക്ക് എതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.






