20 January, 2026 07:29:44 PM


ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും



കൊല്ലം:   ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം അപഹരിച്ച കേസിലാണ് പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡിലായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തുടരും.

കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ സമീപിച്ചത്. ഈ മാസം 17 നാണ് ആദ്യ കേസില്‍ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പിന്നിട്ടത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും, അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ അറിയിച്ചത്.

തുടര്‍ന്ന് സ്വാഭാവിക നടപടി എന്ന നിലയില്‍ കോടതി പോറ്റിയുടെ ജാമ്യാപേക്ഷ അംഗീകരിക്കുകയായിരുന്നു. ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശബരിമല സ്ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് പരിശോധിക്കുകയും, സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പഴയ വാതില്‍ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. പഴയ കൊടിമര ഭാഗങ്ങളും പരിശോധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941