18 January, 2026 01:42:38 PM
സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണ്- സുകുമാരന്‍ നായര്‍

കോട്ടയം: എസ്എന്‍ഡിപിയുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ചോദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനം എടുക്കും. അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയാവും ഐക്യപ്പെടുക. ഒരു മതവുമായും വിരോധത്തിന് പോകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും സമുദായസംഘടനകളോടും സമദൂരമാണ്. ഐക്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യത്തിന് തടസ്സം നിന്നത് മുസ്‌ലിം ലീഗല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്. തത്വം പറയുന്നവര്‍ സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ കാലില്‍ വീഴാന്‍ പോയി. വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ അവര്‍ക്ക് എന്താണ് യോഗ്യതയെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.
ഇങ്ങനെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയില്‍ ഇരുന്ന് നിരങ്ങിയില്ലേ. ഞാന്‍ പറവൂരിലെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്'. സതീശനെതിരെ സുകുമാരന്‍ നായര്‍ പറഞ്ഞു.
ഈ വലിയ തത്വം പറയുന്നവര്‍ സിനഡ് കൂടിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ചെന്ന് കാലില്‍ വീണില്ലേ?. എന്തിനാണ് അവിടെ പോയത്?. അതുകൊണ്ട് വര്‍ഗീയതക്കെതിരെ പറയാന്‍ സതീശനൊന്നും യോഗ്യതയില്ല. സതീശനെ കോണ്‍ഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണ്. നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന് എന്ത് അധികാരം. കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലേ. കെ പി സി സി പ്രസിഡന്റ് നോക്കുകുത്തി ആണോ?. എല്ലാത്തിനും കേറി സതീശന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ അടി കിട്ടുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തല ആണ് ഐക്യത്തിനു പിന്നിലെന്ന് ഒരു മാധ്യമം പറയുന്നു. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. ഐക്യം വ്യക്തിപരമായും സംഘടനാപരവും ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. എന്‍എസ്എസ് നേതാക്കളും ഇതിനോട് യോജിക്കുമെന്നാണ് കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു സമുദായവുമായിട്ടോ, ഒരു മതവുമായിട്ടോ ഒരു തരത്തിലുള്ള വിരോധവും ഉള്ള തരത്തില്‍ പെരുമാറാന്‍ എന്‍എസ്എസ് വഴിവെക്കില്ല. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി കയറിയതിനെ വിമര്‍ശിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമലയിൽ വിമാനം കൊണ്ടുവരും, ട്രെയിൻ കൊണ്ടുവരും എന്നാണ് ബിജെപി പറഞ്ഞത്. കേന്ദ്ര സർക്കാർ ശബരിമലയ്ക്കായി ഒന്നും ചെയ്തിട്ടില്ല. പത്തര വർഷമായി കേന്ദ്രം ഭരിക്കുന്നില്ലേ? എന്ത് കൊണ്ടുവന്നു?" ജി. സുകുമാരൻ നായർ ചോദിച്ചു.
വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നും തെറ്റില്ല എന്നൊന്നും പറയുന്നില്ല. എന്നെത്തന്നെ എന്തെല്ലാം അദ്ദേഹം പറയുന്നു. എന്റെ സ്ഥാനമോ പ്രസ്ഥാനത്തിന്റെ മാന്യതയോ നോക്കാതെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രായത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന, ഒരു മഹാപ്രസ്ഥാനത്തിന്റെ കസേരയിലിരിക്കുന്ന ആളാണെന്ന് കരുതി നമ്മള്‍ മറുപടി പറയുന്നത് ശരിയല്ലെന്ന് കരുതി. അതു പൊറുത്തു. അതാണ് ശരി. അതൊന്നും നമ്മള്‍ കണക്കിലെടുക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിക്കും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിന്റെ പേരില്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.






