22 September, 2016 02:33:14 PM
ദക്ഷിണേന്ത്യയുടെ ഗാനകോകിലം എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു
തിരുവനന്തപുരം: ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങള്‍ സംഗീതപ്രേമികള്‍ക്കു സമ്മാനിച്ച എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു. മതിയാവോളം പാടിയെന്നും ഇനി വേണ്ടത് വിശ്രമമാണെന്നും അതിനായി കരിയര്‍ വിടുകയാണെന്നും ദക്ഷിണേന്ത്യയുടെ ഗാനകോകിലം വ്യക്തമാക്കി. 60 വര്‍ഷം നീണ്ടുനിന്ന സംഗീത ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. മലയാള സിനിമയായ പത്തു കല്‍പ്പനകള്‍ക്കു വേണ്ടി താരാട്ടു പാട്ടു പാടിയാണു സംഗീതലോകത്തോടു ജാനകിയമ്മ വിട പറയുന്നത്.
അനൂപ് മേനോനും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണു പത്തു കല്‍പനകള്‍.
ചിത്രത്തിലെ താരാട്ടു പാട്ടിനു മിഥുന്‍ ഈശ്വറാണു സംഗീതം പകര്‍ന്നത്. ഈ ചിത്രത്തിലേതു തന്‍റെ അവസാനത്തെ ഗാനമാണ്. ഇനി ഒരു റെക്കോഡിങ്ങും ഉണ്ടാകില്ല. സ്റ്റേജ് ഷോകളിലും ഇനി പാടില്ല. എനിക്ക് പ്രായമായി. നിരവധി ഭാഷകളില്‍ പാടാനുള്ള ഭാഗ്യമുണ്ടായി.
1957 ലാണ് ജാനകിയമ്മ സിനിമാ സംഗീതലോകത്തേക്ക് കടക്കുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങള്‍ പാടി. നാലു ദേശീയ അവാര്‍ഡും 32 സംസ്ഥാന അവാര്‍ഡും ഈ അനുഗൃഹീത ഗായികയ്ക്കു ലഭിച്ചിട്ടുണ്ട്. അവസാന ഗാനമായി എന്തുകൊണ്ടാണ് ഒരു മലയാളഗാനം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇതൊരു മുന്‍കൂട്ടിയുള്ള തീരുമാനമായിരുന്നില്ലെന്ന് ജാനകിയമ്മ പറഞ്ഞു. സംഗീതജീവിതം ഒരുദിവസം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ ഗാനം എന്നെതേടിയെത്തിയത്. അതൊരു താരാട്ടായിരുന്നു. എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്ന്. അത് പാടി റെക്കോര്‍ഡ് ചെയ്തതിന് ശേഷം മറ്റ് ഓഫറുകളൊന്നും ഞാന്‍ സ്വീകരിച്ചില്ല- എസ് ജാനകി പറഞ്ഞു.
1957ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നല്‍കിയത്. എംഎല്‍എല്‍ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങള്‍ എത്തിയത്.
ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ ഭാഷകളിലെല്ലാം ജാനകിയമ്മ തന്‍റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് സംഗീത സംവിധായകന്‍ എം എസ് ബാബുരാജാണ് ജാനകിയമ്മയെ മലയാളത്തില്‍ എത്തിച്ചത്. കുട്ടികളുടെ ശബ്ദത്തില്‍ പാടാനുള്ള പ്രത്യേക കഴിവും ഈ ഗായികയ്ക്കുണ്ട്. പുരസ്കാരങ്ങള്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താല്‍ അവര്‍ പുരസ്കാരം തിരികെ അയക്കുകയായിരുന്നു.