08 March, 2024 03:15:31 PM
സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്സണും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂര്‍ത്തിയെ രാഷ്ട്രപതി ദ്രൗപതി മുർമ്മു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചത്.
'സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സുധാജിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്, നമ്മുടെ രാജ്യത്തിൻ്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ശക്തിയും കഴിവും ഉദാഹരണമാണ്. അവർക്ക് ഫലപ്രദമായ പാർലമെൻ്ററി ജീവിതം ആശംസിക്കുന്നു'- മോദി കുറിച്ചു.
'ഇത് എനിക്ക് ഒരു വലിയ വനിതാ ദിന സമ്മാനമാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്നത് ഒരു പുതിയ ഉത്തരവാദിത്തമാണ്'-സുധാ മൂര്‍ത്തി മറുപടി നല്കി.
ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ് സുധ. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023-ല്‍ പത്മഭൂഷണും ലഭിച്ചു. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ സുധാ മൂര്‍ത്തി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് സുധാ മൂര്‍ത്തിയുടെ പ്രധാന സൃഷ്ടികൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.
കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങൾ എന്നിവയ്‌ക്ക് നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ രാഷ്ട്രപതി 12 അംഗങ്ങളെ പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാറുണ്ട്.