27 February, 2024 03:47:34 PM
ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്ക് ഉദ്ഘാടനം നാളെ
കോട്ടയം: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തിയായ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും.
ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. 9888 ചതുരശ്രഅടിയിൽ രണ്ടു നിലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം. താഴത്തെ നിലയിൽ നാല് ഒ.പി കേന്ദ്രം, അത്യാഹിത വിഭാഗം, മൈനർ ഒ.ടി , ഡ്രസ്സിങ് റൂം, നഴ്‌സിംഗ് സ്റ്റേഷൻ, കുത്തിവെപ്പ് മുറി, നെബുലൈസേഷൻ മുറി, ശൗചാലയം, ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
രണ്ടാം നിലയിൽ ഹൗസ് സർജന്മാരുടെ ഡ്യൂട്ടി മുറി, ലോബി ഹാൾ, ഇ- ഹെൽത്ത് റും എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാല് ഡോക്ടർമാരുടെ സേവനം ആരോഗ്യകേന്ദ്രത്തിൽ ലഭ്യമാണ്. ഒ.പി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കും. നാനൂറോളം രോഗികൾ ദിനംപ്രതി എത്തുന്ന ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.
ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആവും. നഗരസഭാ അദ്ധ്യക്ഷ ലൗലി ജോർജ്ജ് പടികര, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്‌ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു, നഗരസഭാ ഉപാധ്യക്ഷൻ കെ.ബി ജയമോഹൻ, ബ്‌ളോക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിതാമോൾ ലാലു, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, ബ്‌ളോക് പഞ്ചായത്ത് അംഗം എസ്സി തോമസ്, നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, രശ്മി ശ്യം, ജില്ലാ മെഡിക്കൽ ഓഫീസർ പി.എൻ വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ വർഗീസ് പി.പുന്നൂസ്, കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അഞ്ജു സി.മാത്യു എന്നിവർ പങ്കെടുക്കും.