22 January, 2024 08:05:59 AM


ബിൽക്കിസ് ബാനു കേസ്: പ്രതികള്‍ പൊലീസിന് മുന്നിൽ കീഴടങ്ങി

 

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികളും പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്. ജനുവരി 21 ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിട്ടത്. കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികൾ നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാൽ ഇളവ് നൽകാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു വിധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K