18 January, 2024 03:49:13 PM
'കെ സ്മാര്‍ട്ട്' നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്- മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ നല്‍കിയത് സംബന്ധിച്ച എഫ്ബി പോസ്റ്റിന്‍റെ കമന്‍റ് ബോക്‌സിലാണ് മന്ത്രിയുടെ പ്രതികരണം.
'അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്‍റ് ബോക്‌സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു.' എത്രയോ അനുഭവങ്ങള്‍ പേജില്‍ തന്നെ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.
'സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞിരുന്നു. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.
സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. ' കെ സ്മാര്‍ട്ട് നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണെന്നും മന്ത്രി രാജേഷ് ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.