27 December, 2023 04:46:35 PM
നഗരസഭ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു; ജനങ്ങൾ ബുദ്ധിമുട്ടിൽ
ഏറ്റുമാനൂർ: നഗരസഭ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു ജനങ്ങൾ ബുദ്ധിമുട്ടിൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് നഗരസഭയിൽ എത്തിയവരാണ് ബുദ്ധിമുട്ടിലായത്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ - സ്മാർട്ട് സോഫ്റ്റ്‌വെയർ നഗരസഭയിൽ വിന്യസിച്ച് നഗരസഭയുടെ ഭരണ സംവിധാനം 2024 ജനുവരി ഒന്ന് മുതൽ ഡിജിറ്റലൈസ് ചെയ്യുകയാണ്. നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ നഗരസഭയിൽ നേരിട്ട് വരാതെ പൂർണമായും ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് കെ -സ്മാർട്ട്.
ഡിജിറ്റലൈസിന്‍റെ ഭാഗമായി ഡാറ്റാ പോർട്ടിംഗ് പൂർത്തികരിക്കുന്നതിനായി നഗരസഭയിൽ നിന്നും ലഭിക്കുന്ന ജനന, മരണ - വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസെൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ ഇന്ന് മുതൽ 5 ദിവസത്തേക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.