15 December, 2023 05:04:01 PM
മന്ത്രി സജി ചെറിയാൻ സത്യ പ്രതിഞ്ജാ ലംഘനം നടത്തി- നാട്ടകം സുരേഷ്
കോട്ടയം: വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ മന്ത്രി സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനമാണ് നടത്തിയതെന്ന് കാട്ടി കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഡി ജി പി ക്ക് പരാതി നൽകി. കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് "ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുവെന്ന് " മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചതെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കുന്നു.
ഇതര സംസ്ഥാനത്തു നിന്നുമുള്ള അയ്യപ്പ ഭക്തരടക്കം ജാതി മത ഭേദമെന്യേ ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ ശ്രമം നടന്നതായുള്ള സജി ചെറിയാന്റെ വെളിപ്പെടുത്തൽ അത്യന്തം ഗുരുതരമാണ്. മതസൗഹാർദ്ദം തകർക്കുന്നതിനും തീർത്ഥാടകരെയും ഭക്തരേയും കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ കക്ഷികൾക്കെതിരെ തിരിച്ചു വിടണമെന്ന ദുരുദ്ദേശത്തോടെയുമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്നും, ഇത്തരം നിരുത്തരവാദിത്വപരമായ പ്രസ്താവന ഭരണ മുന്നണിയുടെ ഭാഗമായിരിക്കുന്ന ഒരു മന്ത്രി തന്നെ നടത്തിയത് അയ്യപ്പ ഭക്തർക്കിടയിൽ പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായി എന്നും പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ കേസ്സെടുത്ത് അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുവാനാണ് തീരുമാനമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.