29 November, 2023 12:30:34 PM
ബില്ലുകളിൽ ഒപ്പിടാതെ രണ്ട് വർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നു - സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സുപ്രീംകോടതി. ഗവർണർ ബില്ലുകൾ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു. ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിന്‍റെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. പരിഗണനയിലുള്ള പണ ബില്ലിൽ തീരുമാനം എടുക്കാമെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചു.
ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.