24 November, 2023 08:59:45 PM


'റോബിന്‍' ബസ് സിനിമയാകുന്നു; പ്രതികാര മനോഭാവങ്ങളെ തകര്‍ത്തുള്ള പ്രയാണമെന്ന് സംവിധായകന്‍



പത്തനംതിട്ട : റോബിന്‍ ബസിന്‍റെ കഥ സിനിമയാക്കാന്‍ ഒരുങ്ങുന്നു. സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചത് റോബിൻ ബസ് ആണെന്നും പോസ്റ്റില്‍ പറയുന്നു.


ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മിക്കുന്നത് . ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…


സുഹൃത്തുക്കളെ,

വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളില്‍ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയില്‍ അതിന്റെ റിലീസ് എത്തി നില്‍ക്കുകയും ആണ്. ആദ്യ സിനിമയ്‌ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാര്‍ത്ഥ വിജയത്തിനായി മാസങ്ങള്‍ക്ക്‌ മുൻപ് തന്നെ കഥകള്‍ അന്വേഷിച്ച്‌ തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്‌ക്കാണ് കേരളത്തെ പിടിച്ച്‌ കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മ്മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തില്‍ തച്ചുടച്ച്‌ തകര്‍ത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്

കഥ പറഞ്ഞപ്പോള്‍ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിര്‍മ്മാതാക്കളെ നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച്‌ കൊണ്ട്

പ്രശാന്ത് മോളിക്കല്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K