09 November, 2023 03:57:16 PM
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി അനുസ്മരണo നവംബര്‍ 19ന്
തൃശൂര്‍: കഥകളി ചെണ്ടയിലെ ഇതിഹാസ വാദകനും കഥകളി നിരൂപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്‌ദി അനുസ്മരണo നവംബര്‍ 19ന് നടക്കും. തൃശൂര്‍ കഥകളി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്‍റ് കെ പി രാധാകൃഷ്ണൻ അധ്യക്ഷനാകും. കുഞ്ചു വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന തോരണയുദ്ധം കഥകളി ഉണ്ടാകും.
ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ കീഴിൽ കഥകളിയുടെ ദൃശ്യവ്യാകരണവും താളഘടനയും പഠിച്ച കൃഷ്ണൻകുട്ടി പൊതുവാൾ കഥകളിയിലെ ചെണ്ടയുടെ സ്ഥാനം പുനർവ്യാഖ്യാനം ചെയ്തു. തന്റെ ചെണ്ട ഉപയോഗിച്ച് കഥാപാത്രങ്ങളിലെ സൂക്ഷ്മമായ വികാരങ്ങൾ കണ്ടെത്തുന്നതിനും റൊമാന്‍റിക് രംഗങ്ങൾക്ക് മൂഡ് മ്യൂസിക് നൽകുന്നതിനും അഭിനേതാക്കളെ രംഗത്തു പരമാവധി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും പൊതുവാൾ പ്രശസ്തനായിരുന്നു. കഥകളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സമഗ്രമായ ധാരണ ഓരോ ദൃശ്യത്തിലും സംഗീതത്തെ സമന്വയിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്. കഥകളിയിൽ നല്ലൊരു ഗവേഷകൻ, വിമർശകൻ, ഗായകൻ, അഭിനേതാവ്, ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിരാചിച്ചു. ഈ പ്രതിഭയുടെ ജന്മശതാബ്‌ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്‍റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. വൈക്കം, നോർത്ത് പറവൂർ, പെരുമ്പാവൂർ, തോടയം, കോട്ടയം, ഇടപ്പള്ളി എന്നിവിടങ്ങളില്‍ അനുസ്മരണ യോഗം വിവിധ പരിപാടികളോടെ നടന്നു.