28 October, 2023 06:35:47 PM
എംഎൽഎ യുടെ വ്യാജ സ്റ്റിക്കർ പതിച്ച കാർ അപകടത്തിൽപെട്ടു; പിടികിട്ടാപുള്ളി പിടിയിൽ
കൊച്ചി: എം.എല്‍.എ. യുടേതെന്ന മട്ടില്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കാര്‍ മരടില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി മരട് പോലീസിന്‍റെ പിടിയിലായി. തിരുപ്പതി പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസില്‍ പ്രതിയായ അജിത് ബുമ്മാറയാണ് (38) പിടിയിലായത്. തെലങ്കാന എം.എല്‍.എ. യുടെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനം മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അജിത് ബുമ്മാറ ഓടിച്ച വാഹനം മരടില്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതി നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ മരട് നിരവത്ത് റോഡിലായിരുന്നു സംഭവം. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു.
വാഹന നമ്പര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് അജിത് ബുമ്മാറയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ ലഭിച്ചത്. തിരുപ്പതി സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് മരടില്‍ കുടുങ്ങിയത് എന്ന് തിരിച്ചറിഞ്ഞ പോലീസ് വിവരം തിരുപ്പതിയില്‍ അറിയിച്ചു. തിരുപ്പതി പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.