28 October, 2023 09:49:44 AM


സിനിമ തിയേറ്ററില്‍ കയറി നഗ്നനായി മോഷണം; വയനാട് സ്വദേശി പിടിയില്‍



തിരുവനന്തപുരം: തിരുവനന്തപുരത്തെ തിയേറ്ററിൽ കയറി നഗ്നനായി മുട്ടിൽ ഇഴഞ്ഞെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പിടിയിൽ. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ഹരിശ്രീ സിനിമാ തീയറ്ററിൽ സമാനമായ മോഷണം നടത്തുന്നതിനിടെയിലാണ് പ്രതി പിടിയിലാക്കുന്നത്. ഇയാളെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ സിനിമ കാണാനെത്തിയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്വദേശിനികളായ യുവതികളുടെ പേഴ്സ് മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനെ തുടർന്നുള്ള പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് പ്രതി പിടിയിലാക്കുന്നത്. പിടിയിലായ വിപിനെതിരെ തമ്പാനൂർ പോലീസ് സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം.

ആദ്യം തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റർവെൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്നു. ശേഷം വസ്ത്രം ഊരിമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുന്നതായിരുന്നു രീതി. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K