18 October, 2023 01:34:21 PM


തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു



തിരുവനന്തപുരം: നേമത്ത് യുവതിയെ വീട്ടില്‍ കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്‍റെ നില അതീവ ഗുരുതരമാണ്. അതേ സമയം ദീപക് അപകട നില തരണം ചെയ്‌തെന്നാണ് പ്രാഥമിക വിവരം. 

ഇരുവരും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ രമ്യയുടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. ദീപക് രമ്യയോട് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന ദീപക് വീട്ടുപടിക്കൽ വച്ച് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. 

നാട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തന്നെയാണ് ദീപക് ഉണ്ടായിരുന്നത്. പൊലീസ് വന്നെന്ന് അറിഞ്ഞ ശേഷമാണ് ദീപക് സ്വയം കഴുത്തറുത്തത്. ഇയാളെ പൊലീസുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K