12 October, 2023 01:16:56 PM


ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ



ന്യൂഡൽഹി: ആൾദൈവം ചമഞ്ഞ് ഭക്തരെ ലൈംഗിക പീഡനത്തിരയാക്കിയ യുവാവ് അറസ്റ്റിൽ. വിനോദ് കശ്യപ് എന്ന 33കാരനാണ് പൊലീസ് പിടിയിലായത്. ത​ന്‍റെ അടുക്കലെത്തുന്ന സ്ത്രീകളെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്.

ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ എം. ഹർഷ് വർധൻ പറഞ്ഞു. കക്റോള പ്രദേശത്ത് ഒരു 'ആശ്രമം' സ്ഥാപിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഇയാൾക്കുണ്ട്.

'രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇയാൾ ക്ഷണിക്കുകയായിരുന്നു. തുടർന്ന് പരിഹാരത്തിന് 'ഗുരുസേവ' ചെയ്യൽ നിർബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വലിയ ​തിരിച്ചടി ഉണ്ടാകുമെന്നും ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു.

വന്ധ്യത മുതൽ കുടുംബത്തിലെ തർക്കങ്ങൾ വരെയുള്ള വിവിധ പ്രശ്നങ്ങളിൽ താൻ പരിഹാരം കാണുമെന്നാണ് ഇയാൾ പ്രസംഗങ്ങളിൽ വെളിപ്പെടുത്തിയിരുന്നത്. തങ്ങളുടെ പക്കൽനിന്ന് പണം കൈവശപ്പെടുത്തിയതായും ഇരകൾ പരാതിയിൽ ഉന്നയിച്ചു. തങ്ങളുടെ ആഭരണം ഉൾപ്പെടെ വിറ്റാണ് സ്ത്രീകൾ ഇയാൾക്ക് പണം നൽകിയത്. രണ്ടു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K