02 September, 2016 05:40:39 PM
ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കി ചാന് ഹോണററി ഒാസ്കാർ പുരസ്കാരം
വാഷിംഗ്ടൺ: ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കി ചാന് ഹോണററി ഒാസ്കാർ പുരസ്കാരം. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റർ ആന്നി കോഡ്സ്, കാസ്റ്റിങ് സംവിധായകൻ ലിൻ സ്റ്റൽമാസ്റ്റർ ഡോക്കുമെന്‍ററി നിർമാതാവ് ഫ്രഡിറിക് വിസ്മൻ എന്നിവർക്കും പുരസ്കാരം നൽകുമെന്ന് യു.എസ് ഫിലിം അക്കാദമി പ്രസിഡന്‍റ് ചെറിൽ ബൂൺ ഇസാഖ് അറിയിച്ചു. ഇവർ നാല് പേരും പുരസ്കാരത്തിന് അർഹരാണെന്നും അദ്ദേഹം അറിയിച്ചു.
62 കാരനായ ജാക്കി ചാൻ ഹോങ്കോങ് സ്വദേശിയാണ്. ആയുധ കലകൾക്ക് പ്രാമുഖ്യം നൽകുന്ന അനേകം സിനിമകളിൽ ജാക്കി ചാൻ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ്, ആയുധകലാ വിദഗ്ധൻ, എഴുത്തുകാരൻ, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവു തെളിയിച്ചയാളാണെങ്കിലും ഇതുവരെ ഒാസ്കാർ ലഭിച്ചിരുന്നില്ല.
'ലോറൻസ് ഒാഫ് അറേബ്യ' എന്ന ചിത്രത്തിന് മുമ്പ് ഒാസ്കാർ അവാർഡ് ലഭിച്ച ആന്നി കോട്സന് എഡിറ്റിംഗ് മേഖലയിൽ 60 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. 'ദ ഗ്രാജുവേറ്റ്' ഉൾപ്പെടെ 200ലേറെ സിനിമകളുടെ കാസ്റ്റിങ് ഡയറക്ടറാണ് ലിൻ സ്റ്റൽ മാസ്റ്റർ. ഫ്രഡിറിക് വിസ്മൻ 1967 മുതൽ സിനിമാ നിർമാണ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. നവംബറിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.