07 October, 2023 12:32:14 PM
വിവാഹ വാഗ്‌ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം അറസ്റ്റിൽ
കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന ഫിറ്റ്നസ് ഇൻസ്ട്രക്ടറുടെ പരാതിയിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ. ഇന്ന് രാവിലെ കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ചയാണ് ഷിയാസ് ചെന്നൈ വിമാന താവളത്തിൽ വെച്ച് പൊലീസ് പിടിയിലാവുന്നത്. ദുബായിൽ നിന്ന് ചെന്നൈയിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞുവെക്കുകയും കേരളാ പോലീസിനെ അറിയിക്കുകയും ചെയ്തു. ഷിയാസിനെതിരെ കേരളാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചെന്നൈ പോലീസിന്‍റെ നടപടി. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഷിയാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തന്നെ ഭീഷണിപ്പെടുത്തി വൻ തുക വാങ്ങാനാണ് യുവതി തന്നോട് അടുപ്പം സ്ഥാപിച്ചതെന്നായിരുന്നു ഷിയാസ് ജാമ്യഅപേക്ഷയിൽ പറഞ്ഞത്. ഷിയാസിനെതിരായി ചന്തേര പോലീസിൽ പരാതി നൽകിയ യുവതി എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ്.