30 September, 2023 11:24:12 PM


'കടലാസില്ല': മദ്യക്കുപ്പി പൊതിയാനുള്ള കടലാസിന്‍റെ പേരിലും വൻവെട്ടിപ്പ്

ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്‍റെ സംസ്ഥാനതല മിന്നൽ പരിശോധന



കോട്ടയം : സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെബ്കോ ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായും, കുറഞ്ഞ വിലയിലുള്ളവ സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം  അടിച്ചേൽപ്പിക്കുന്നതായും കണ്ടെത്തൽ. ഇതിനു പ്രത്യുപകാരമായി മദ്യകമ്പനികളിൽ നിന്നും കൈക്കൂലിയായി വൻതുക ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും കണ്ടെത്തി. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ ഇന്നു വൈകിട്ട് വിജിലൻസ് സംസ്ഥാനതൊട്ടാകെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.


ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും, ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വില്ക്കുന്നതായും, ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളിൽ ഡാമേജ് ഇനത്തിൽ കാണിച്ച് ബില്ല് നൽകാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നതായും കണ്ടെത്തി. മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നതായും, ചില ഔട്ടലെറ്റുകളിൽ ഉപഭോക്താക്കൾക്ക് മദ്യം പൊതിയാതെ നൽകുന്നതായും ലഭിച്ച രഹസ്യ വിവരങ്ങൾ ശരി വെക്കുന്നതായിരുന്നു കണ്ടെത്തലുകൾ.


തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 11-ഉം കോഴിക്കോട് 6-ഉം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 18 ബെബ്കോ ഔട്ട് ലെറ്റുകളിലാണ്  പരിശോധന.


വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിതയുടെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന ശ്രീജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K